visiting walayar victims house

കേരളം സ്ത്രീകളുടെയും കുട്ടികളുടെയും പട്ടികജാതി സഹോദരങ്ങളുടെയും അപായമേഖലയായി (ഡേഞ്ചർ സോൺ) തീർന്നിരിക്കുന്നുവെന്നാണ് സമീപകാല സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.

വാളയാർ അട്ടപ്പള്ളത്ത് രണ്ട് പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട കേസിൽ പ്രോസിക്യുഷനും പോലീസും അനാസ്ഥ കാട്ടി.

പ്രോസിക്യുഷനും പ്രതികളും ഒത്തുചേർന്ന് ഗൂഡാലോചന നടത്തിയും അട്ടിമറിച്ചും ഇരകൾക്ക് സാമൂഹ്യനീതി നിഷേധിച്ചു. പോക്സോ പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകൾ അതീവ ഗൗരവത്തോടും ഉന്നത സർക്കാർ മേലധികാരികളുടെ കർശനമായ നിരീക്ഷണത്തിലും അന്വേഷണം നടത്തിയും തുമ്പുണ്ടാക്കിയും പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സർക്കാർ ബാധ്യസ്ഥമാണ് . പക്ഷെ വാളയാർ കേസിൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ട നാൾ മുതൽ പ്രതികളെ രക്ഷപ്പെടുത്താനായിരുന്നു പോലീസിന്റെ ശ്രമം.

കൊലപാതകമായിരുന്നു എന്നതിന് ഒട്ടേറെ തെളിവുകൾ ലഭിച്ചു. പ്രതികളെല്ലാം സിപിഎമ്മുകാർ. അവരെ ജാമ്യത്തിലിറക്കാൻ എത്തിയത് സിപിഎം നേതാക്കൾ. മുൻ സിപിഎം എംപിയുടെ ഭാര്യാസഹോദരൻ തന്നെ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തിയാണ് പ്രതികളെ ഇറക്കിക്കൊണ്ടുപോയത്.

ആദ്യ മരണ സ്ഥലത്ത് മുഖം മറച്ച രണ്ടുപേരെ കണ്ടുവെന്ന രണ്ടാമത്തെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ല. അമ്മയോടും ബന്ധുക്കളോടും വേണ്ട തെളിവുകൾ ആരാഞ്ഞില്ല. ഒരു കൊച്ചു കുട്ടിക്ക് 12 അടി പൊക്കമുള്ളിടത്ത് കെട്ടിത്തൂങ്ങി എങ്ങനെ മരിക്കാനാകും?? കുട്ടിയുടെ മരണത്തെക്കുറിച്ചുള്ള പോലീസിന്റെ വ്യാഖ്യാനങ്ങൾ കെട്ടിച്ചമച്ചതും ദുരുപദിഷ്ടവുമാണ്. കൊലയാണെന്ന് തെളിയിക്കുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പോലും പരിഗണിക്കപ്പെട്ടില്ല.

കഴിഞ്ഞ 2 വർഷത്തിനിടയിൽ കുട്ടികൾക്കെതിരെ 24,562 പീഡന കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ പറയുന്നു. പോക്സോ കോടതീയിൽ മാത്രം കഴിഞ്ഞ 4 മാസത്തിനിടയിൽ 1156 കേസുകൾ രജിസ്റ്റർ ചെയ്തു. ഇക്കാലത്ത് പാലക്കാട് ജില്ലയിൽ 82 കേസുകളാണ് ഉള്ളത്. അതായത് ഓരോ 36 മണിക്കൂറിലും ഒരു കുട്ടി വീതം പീഡിപ്പിക്കപ്പെടുന്നു. 2018 ഇൽ മൊത്തം കേസ് 3,174 ആണ്.

കേരളത്തിൽ അമ്മപെങ്ങന്മാർക്കും കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വയ്യെന്ന സ്ഥിതിവിശേഷമാണുള്ളത്. ഇരകളായി തീരുന്നവരുടെ ഇടയിലേക്ക് വേട്ടക്കാരോടൊപ്പം എത്തുന്ന പോലീസും വിവിധ കമ്മീഷനുകളും സർക്കാരും നീട്ടുന്നത് സഹായ ഹസ്തമല്ല, നീതി നിഷേധത്തിന്റെ ഉരുക്കു മുഷ്ടികളാണ്.കുട്ടികളുടെയും സ്ത്രീകളുടെയും പട്ടികജാതി സഹോദരങ്ങളുടെയും സംരക്ഷണത്തിന് ഉണ്ടാക്കിയിട്ടുള്ള സർക്കാർ സംവിധാനങ്ങളെല്ലാം ഈ സന്ദർഭത്തിൽ നോക്കുകുത്തികളായിരിക്കുന്നു.പഞ്ചായത്ത് ജാഗ്രതാസമിതികൾ നേരിട്ട് ഇടപെട്ട് പീഡിതരായ കുട്ടികളെ സംരക്ഷിക്കണമെന്നാണ് പഞ്ചായത്ത് രാജ് ആക്ട് അനുശാസിക്കുന്നത്. സിപിഎമ്മിന്റെ പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് അട്ടപ്പള്ളത്തേക്ക് എത്തിനോക്കിയതേയില്ല.

ബാലസൗഹൃദ പഞ്ചായത്ത് ആക്കാനാണ് യൂണിസെഫ് കോടികൾ ചെലവഴിക്കുന്നത്. ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ് സ്‌കീമിൽ കൗമാര ക്ലബ്ബ് രൂപീകരിച്ച് പീഡനങ്ങളെ ചെറുക്കാൻ കേന്ദ്രസർക്കാർ കോടികൾ സംസ്ഥാന സർക്കാരിന് നൽകുന്നു. ഓരോ അംഗനവാടിയും കേന്ദ്രീകരിച്ച് പ്രൊജക്റ്റ് ഓഫീസർമാരെ നിയമിച്ച് സാമൂഹ്യനീതിവകുപ്പ് നടപടി സ്വീകരിക്കേണ്ടതാണ്. ചൈൽഡ് വെൽഫെയർ കമ്മറ്റി, ബാലാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ , പട്ടികജാതി കമ്മീഷൻ ഇങ്ങനെ എത്ര എത്ര സംവിധാനങ്ങൾ !!

ഇവയെല്ലാം അട്ടപ്പള്ളത്ത് നിഷ്ക്രിയവും നിശബ്ദവും നോക്കുകുത്തികളുമായി നിന്നത് യാദൃശ്ചികമെന്നോ ഒറ്റപ്പെട്ടതെന്നോ പറയാനാവില്ല.മനഃപൂർവ്വം പ്രതികളെ രക്ഷപ്പെടുത്താൻ സർക്കാർ തലത്തിൽ നടന്ന ഗൂഡാലോചനയും കരുനീക്കങ്ങളും കേസിനെ പരിതാപകരമായ നിലയിലാക്കി.

സർക്കാരിന്റെ വീഴ്ച മൂലമാണ് ഈ വിധത്തിൽ പ്രതികളെല്ലാം രക്ഷപെട്ടത്. അതേ പോലീസിനെത്തന്നെ പുനരന്വേഷണം ഏൽപ്പിച്ചാൽ നീതി ഒരിക്കലും ഇരകൾക്ക് കിട്ടില്ല. സിബിഐയെയോ വിദഗ്ധ കുറ്റാന്വേഷണ സംഘത്തെയോ കേസന്വേഷണം ഏൽപ്പിക്കുകയാണ് വേണ്ടത്.

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>